
ഒരു നാട്ടിലെ മുഴുവന്‍ ആണ്പിള്ളേരുടെയും സ്വപ്നംതകര്‍ത്ത മഹാപാപിയെ കുറിച്ചാണ് കഥ
ഒരു സൈക്കിള്‍ വാങ്ങി തരണമെന്ന ആവശ്യവുമായി ഞാനടക്കമുള്ള പിള്ളേര്സെറ്റ് വീട്ടില്‍ നടത്തുന്ന നിരാഹാരം,നിസ്സഹകരണം,
നാട്ടുകാരുടെ മുന്നില്‍ വീട്ടുകാരെ മാനംകെടുത്തല്‍,വീട്ടുമുതല്‍ നശിപ്പിക്കല്‍,കണ്ണീരു,നിലവിളി തുടങ്ങിയ സമാധാനപരമായ സമരങ്ങള്‍ക്ക് മാസങ്ങളുടെയും വര്‍ഷങ്ങളുടെയും വരെ പഴക്കമുണ്ട്.അക്രമരാതിത്യത്തിലും അഹിംസയിലും അത്ര വിശ്വാസം പോരാത്ത പല വീട്ടുകാരും പല്ലും നഖവും ഉപയോഗിച്ചാണ് ഇത്തരം സമരങ്ങളെ അടിച്ചോതുക്കിയിരുന്നത് .സൈക്കിള്‍ വാങ്ങിതന്നാല്‍ പഠനം മെച്ചപെടുത്താം,വീട്ടുജോലികള്‍ ചെയ്യാം,പറഞ്ഞാല്‍ അനുസരിക്കാം തുടങ്ങിയ ഉപധികളോട്കൂടിയ അപേക്ഷകള്‍പോലും നിര്്ദാക്ഷണ്യം തള്ളികളയുന്ന കാലം.എന്റെ വീട്ടില്മാത്രമല്ല ,സമരം എല്ലാ വീട്ടിലും പൂര്‍വാധികം ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന നിലവിളികള്‍ക്കിടയില്‍ "സൈക്കിള്‍..സൈക്കിള്‍" എന്ന് കേള്‍ക്കുമ്പോള്‍ ഉതിക്കവുന്നതെ ഉണ്ടായിരുന്നുള്ളു.
വൈകുന്നേരം സമയങ്ങളില്‍ രാജേഷിന്റെ വീട്ടില്‍ നിന്നും ഇത്തരം കരച്ചിലുകള്‍ കേള്‍ക്കുന്നതും
"വേണോടാ സൈക്കിള്‍...@#$"
എന്ന അവന്റെ അപ്പന്റെ അലര്‍ച്ചയോടെ കറന്റ് പോയ റേഡിയോ പോലെ പട്ടു നിര്‍ത്തുന്നതും നിത്യസംഭവമായതിനാല്‍ എല്ലാവന്റെയും അവസ്ഥ ഇതൊക്കെ തന്നെയാണല്ലോ എന്ന ആശ്വാസമായിരുന്നു മനസ്നിറയെ.
സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ പല വീട്ടുകാരും അവരവരുടെ ഭാവനക്കും ബുദ്ധിക്കും യോജിച്ചരീതിയിലുള്ള പല നമ്പരുകളും ഇറക്കിനോക്കി.എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍നൂറു മാര്‍ക്കുവാങ്ങുക,കണക്കിന് മുഴുവന്‍ മാര്‍ക്കും വാങ്ങുക,ക്ലാസ്സില്‍ ഒന്നാമനാകുക,അവനെ തോല്‍പ്പിക്കുക,ഇവനെ തോല്‍പ്പിക്കുക തുടങ്ങി ഞങ്ങളുടെ കുഞ്ഞുമനസുകള്‍ക്ക് മനസിലാക്കാന്‍ പറ്റാത്തതും ലോകാവസാനത്തിന്റെ അന്നുപോലും നടക്കാന്‍ സാധ്യതയില്ലതതുമായ ഐറ്റംസ് ആയിരുന്നു മിക്കതും.
"സൈക്കിള്‍" എന്ന് പറയുമ്പോള്‍ തന്നെ മെലിഞ്ഞു കൊഞ്ചുപോലിരിക്കുന്ന എന്റെ ആരോഗ്യത്തെപറ്റി വീട്ടുകാര്‍ ആശങ്കപെടുന്നതില്‍ അല്ഭുതംതോന്നിയില്ല.ഭാവിയില്‍ മിനിമം ഒരു ഋതിക് റോഷന് മോഡല്‍ എങ്കിലും ആകേണ്ട ചെറുക്കന് ഹൈറേന്ചില് സൈക്കിള്‍ ചവിട്ടി വാടിപോകേണ്ട എന്ന് വിചാരിച്ചു കാണും.
പലരും വളരെ പ്രാക്ടികല്് ആയിത്തുടങ്ങിയ സമയമായതിനാല്‍ സഹനസമരത്തിന്റെ ശൈലി ഒന്ന് മാറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങി. തിരുപ്പതി എന്ന സ്ഥലത്ത് ബനിയന്‍കമ്പനി ഉണ്ടെന്നും ..അവിടെ പിള്ളേര്‍ക്ക് ജോലികിട്ടുമെന്നും ഒത്താല്‍ രണ്ടുമാസം കൊണ്ട് സൈക്കിള്‍ വാങ്ങാനുള്ള വകയുമായി തിരിച്ചെത്തമെന്നുമുള്ള കണ്ടെത്തല്‍ രാജേഷ് പറഞ്ഞപ്പോള്‍ ആദ്യമായി എനിക്കവനെ കുറിച്ച് അഭിമാനം തോന്നി.ഈ ബുദ്ധിക്കൊത്ത ധൈര്യം ദൈവം അറിഞ്ഞു കൊടുക്കതിരുന്നതുമൂലമാണല്ലോ അവനിപ്പോലും തിരുപ്പതി അണ്ണാച്ചിമാരുടെ തല്ലുകൊള്ളതെ നില്‍ക്കുന്നത് എന്നോര്‍ത്ത് ചിരിച്ചു.
സൈക്കിള്‍ തള്ളിപ്പോലും നോക്കിയിട്ടില്ലത്തവന്മാര് നാട്ടില്‍ പോയപ്പോള്‍ ചവിട്ടിയ അമ്മാവന്റെ മകന്റെ സൈക്കിളിനെ പറ്റിയും സൈക്കിള്‍ വീശിവളക്കുന്നതിനെപറ്റിയും "ആഞ്ഞുതള്ളി".ചില ദോഷൈക ദൃക്കുകള്‍ അതുകേട്ട് മിഴിച്ചു നിന്നു .അഭിമാചിഹ്നങ്ങളായി പലരും കാമേല്‍ ഇന്‍സ്ട്രുമെന്റ് ബോക്സില്‍ സൂക്ഷിച്ചിരുന്ന തേഞ്ഞ ബ്രെയ്ക്കുകട്ട,സൈക്കിള്ബോള്,ചെറിയ റിഫ്ലെക്ടര്് തുടങ്ങിയ കിടുപിടികള് മോഷണം പോകുന്നത് ക്ലാസ്സില്‍ നിത്യസംഭവമായിരുന്നു.എന്നെങ്കിലും സൈക്കിള്‍ വാങ്ങിതന്നാല്‍ ഹാന്‍ഡില്‍ബാറില്‍ തൂക്കാന്‍ ഞാന്‍ കരുതിവെച്ചിരുന്ന കാസെറ്റ്വള്ളികളും ഇതില്‍പെടും.
അങ്ങനെ ഒരു വൈകുന്നേരം ഭാസിചെട്ടന്റെ മുറുക്കാന്‍കടയില്‍നിന്നും പിതാശ്രീക്ക് ദിനേശ് ബീഡിയും ഷിപ്പ് തീപ്പെട്ടിയും വാങ്ങിമടങ്ങുന്ന എനിക്ക് രാജേഷ് ന്യൂസ് ഏജന്‍സി ആണ് ആ ഹാര്ട്ട്ബ്രെക്കിംഗ് ന്യൂസ് എത്തിച്ചത്
"ഡാ നമ്മുടെ മനോജിനു സൈക്കിള്‍ മേടിച്ചു ബി.എസ്.എ എസ് .എല്‍ .ആര്" ഓട്ടത്തിനിടയില്‍ അവന് ഒറ്റശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു.
കയറുപൊട്ടിച്ച പശുവിന്റെ പോലായിരുന്നു അവന്റെ പ്രകടനം.തുള്ളിചാടിയുള്ള അവന്റെ പോക്ക് മനോജിന്റെ വീട്ടിലെക്കാണെന്നു ഉറപ്പാണ്.അപ്പം കണ്ടവനെ "അപ്പ" എന്നല്ല "അപ്പൂപ്പാ" എന്നുവരെ വിളിക്കാന്‍ അവനുള്ള കഴിവ് അപാരമാണ്.പ്രീതിക്ക് പ്രേമലേഖനം കൊടുത്തത്,മാങ്ങമോഷണം,ലൈബ്രറിയുടെ ചില്ല് എറിഞ്ഞുപൊട്ടിച്ചത് തുടങ്ങി കൂട്ടുത്തരവാദിത്വം ഉള്ള പല കേസുകളില്‍ പിടിക്കപെട്ടപ്പോളും അവനതു തെളിയിച്ചിട്ടുള്ളതാണ് .
മനോജ്മായുള്ള നയതന്ത്രബന്ധങ്ങള്‍ അത്ര സുഖകരമാല്ലാത്തതിനാല് സൈക്കിള്‍ കാണാന്‍പോലും കഴിയുമെന്ന് തോന്നുന്നില്ല.ഒഴിഞ്ഞ ക്ലാസ്സുകളില്‍ "വര്‍ത്താനം" പറയുന്നവരുടെ പേരെഴുതുമ്പോള്‍ ഓര്‍ത്തോ ഈ വൃത്തികെട്ടവനോക്കെ സൈക്കിള്‍ വാങ്ങികൊടുക്കുമെന്നു.നാളെ തന്നെ പേരെഴുതുന്ന പരിപാടി നിര്‍ത്തണം...ഇനി ആരൊക്കെ സൈക്കിള്‍ വാങ്ങാന്‍ പോകുന്നെന്നു ദൈവത്തിനറിയാം..
അന്ന് വൈകിട്ട് കുടിച്ച കഞ്ഞിക്കും കപ്പപുഴുക്കിനും വലിയ രുചി തോന്നിയില്ല.ലവനോക്കെ വീട്ടുകാര്‍ എങ്ങനെ സൈക്കിള്‍ മേടിച്ചുകൊടുത്തു എന്ന ചിന്തയാണ് മനസ്മുഴുവന്‍.അക്കാദമിക് നിലവാരം വെച്ച്ചവാന് യാതൊരു ചാന്‍സും ഇല്ല.ഏഴാം ക്ലാസ്സില്‍ ഇത് രണ്ടാംകൊല്ലമാണ്. അധ്യാപകര്‍ക്കും നല്ലാഭിപ്രയമാണ് ...."അവനെ സ്കൂളില്‍നിന്നും പുറത്താക്കുന്നതിനെപറ്റി".അവന്റെ അപ്പന് നാരായണന്ചേട്ടന് തലവേദന രണ്ടാണ് ..ഒന്നിന് അമൃതാഞ്ഞനും ഒന്നിന് അവനുള്ള ചൂരല്‍ കഷായവുമാണ് മരുന്ന്.എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു?
രാജേഷ് പറഞ്ഞാണ് കാര്യങ്ങളുടെ കിടപ്പുമനസിലായത്.അവന്റെ തിരുപൂര് ഐഡിയ മനോജ് വീട്ടില്‍ പ്രയോഗിച്ചത്രേ.ഐഡിയയുടെ കടപ്പാടില്‍ അവന് ഫ്രീയായി സൈക്കിള്‍ ചവിട്ടു പഠിക്കുന്നുമുണ്ട്."പഠിത്തത്തില്‍ പുറകിലാണ് എങ്കിലും ഞാന്‍ ഭയങ്കര പ്രക്ടികല്കാരന് ആണ്" എന്നവന്
പറയുന്നതില്‍ കാര്യമുണ്ടെന്നു അപ്പോളാണ് എനിക്ക് ശരിക്കും മനസിലായത്.
മൊത്തത്തില്‍ കേട്ടപ്പോള്‍ എനിക്കും ഒരാഗ്രഹം ..."ഈ ഐഡിയ ഒന്ന് റീയൂസ് ചെയ്താല്‍ എന്താ ? ....അല്ല ഇതിനൊന്നും കോപ്പി റൈറ്റും ടാക്സും ഒന്നും ഇല്ലല്ലോ'...
വരുന്നതിങ്കളാഴ്ച തന്നെ ഓപ്പറേഷന് തിരഞ്ഞെടുത്തത് അന്ന് നല്ലദിവസം ആയതുകൊണ്ടല്ല.അന്നെനിക്ക് ഒരു വയസുകൂടിയവുകയാണ്.
അത്താഴം കഴിഞ്ഞു ദിനേശ് ബീഡിയുടെ അറ്റത്ത് കെട്ടിയിരിക്കുന്ന നൂലിന് മുറുക്കം പോരാഎന്ന മട്ടില്‍ വീണ്ടും പിരിച്ചു അനന്തതയിലേക്ക് പുകയും കണ്ണും പായിചിരിക്കുന്ന പിതാശ്രീ..ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ ആപ്പിള്്ചോട്ടിലിരുന്ന ന്യൂടനെ പോലെ ... അടുക്കളയില്‍ പാത്രം കഴുകുന്ന ഒച്ച ഒഴിച്ചാല്‍ എല്ലാം ശാന്തം.
"ഓള് ദ ലൈനസ് ആര് ക്ലിയര്‍..സ്റ്റാര്‍ട്ട് ദ ഓപ്പറേഷന് "
മനസിലാരോ വിളിച്ചുപറയുന്നത് പോലെ.മൊത്തത്തില്‍ ഒരു ധൈര്യം.
സൈക്കിള്‍ നിവേദനം പതിവിലും വിനയത്തോടെ അവതരിപ്പിച്ചു ഗുണ്ടിനു തിരികൊളുത്തി.
പുള്ളിക്കാരന്റെ ദേഷ്യം ,എന്റെ തറുതല,അടി,ബഹളം,നിലവിളി വളരെ പെട്ടന്ന് തന്നെ രണ്ടാം റൌണ്ട് വെടി പൊട്ടിക്കാനുള്ള സെറ്റപ്പ് റെഡി .കരച്ചില് ഒന്ന് പോസ് ചെയ്തു ആകുന്നത്ര ധൈര്യം സംഭരിച്ചു സംഭവം പൊട്ടിച്ചു.
"സൈക്കിള്‍ വാങ്ങി തന്നില്ലെങ്കില്‍ തിരുപൂര് പോയി പണിചെയ്തെന്കിലുമ് വാങ്ങും" അടുക്കളവരെ കേള്‍ക്കാന്‍ പറ്റുന്ന ഉച്ചത്തിലാണ് ഡയലോഗ് പ്രസന്റേഷന്.
മഴ പെയ്തു തോര്‍ന്നതുപോലെ വീട് ശാന്തം.പാത്രം കഴുകുന്ന ശബ്ദവുമില്ല.എല്ലാവരും ഞെട്ടി എന്നുറപ്പ്.
ആദ്യമായാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതു.മകന് വളര്‍ന്നു ഇനി അവന് പറയുന്നത് കൂടി ഞാന്‍ കേള്‍ക്കെണ്ടിയിരിക്കുന്നു എന്ന ഭാവത്തില്‍ പിതാശ്രീ കസേരെന്നെണിറ്റ് അകത്തെ മുറിയിലേക്ക്.അകത്തു മുറിയില്‍ അലമാര തുറക്കുന്ന ശബ്ദം.ദൈവമേ ഇത്രപെട്ടന്ന് സങ്ങതി ഏറ്റോ!!!!ഇനി ഈ രാത്രിയില്‍ തന്നെ സൈക്കിള്‍ വാങ്ങിത്തരാന്‍ തീരുമാനമായോ?
തെളിഞ്ഞ ചിരിയോടെയാണ് പുള്ളിക്കാരന് പുറത്തേക്കു വന്നത്.എനിക്കനെന്കില്‍ അകെ ഒരു പന്തികേട്.
"നീ എവിടെ പോകൂന്ന പറഞ്ഞത് ??"
"തിരുപ്പൂരില്‍.. " വിക്കി വിക്കി പറഞ്ഞൊപ്പിച്ചു .
"ഇതാ അമ്പതു രൂപ ഉണ്ട് ഇനി നീ വണ്ടിക്കൂലിക്ക് ഇല്ലാന്ന് വെച്ച് പോകാതിരിക്കേണ്ട .." പുള്ളിക്കാരന് അന്പത്തിന്റെ ഒരു നോട്ടു നീട്ടി .
വെളുക്കാന്‍ തേച്ചത് പണ്ടാകുക എന്ന് കേട്ടിട്ടുണ്ട്.ഇതിപ്പോള്‍ പണ്ടല്ല പണ്ടാരമടങ്ങി.രാജേഷും അവന്റെ അപ്പൂപ്പന്റെ തിരുപ്പൂരും .അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..മക്കളോട് സ്നേഹമുള്ള തന്തമാരുടെ അടുത്തെ ഇതൊക്കെ ചിലവാകൂ.ചമ്മിയ ചിരി എന്റെ മുഖത്ത്തുന്ടന്കിലും പുള്ളിക്ക് യാതൊരു മയവുമില്ല.കരിങ്കല്ലില്‍ കാറ്റടിച്ചത്പോലെ.കീറുകിട്ടാഞ്ഞത് പുണ്യം എന്നുകരുതി സ്വകാര്യ ദുഖങ്ങളും പ്രനയനൈരാശ്യങ്ങളും(ഓള് വണ്ണ് വേ )നിറഞ്ഞു നില്ക്കുന്ന എന്റെ മുറിയിലേക്ക് പൊടിയുംതട്ടി പോകുമ്പോള്‍ പുറകില്‍ നിന്നും വീണ്ടും ഡയലോഗ് .
"ഇന്ന് കൂടി ഇവിടെ കിടന്നോ ..വെളുപ്പിനെ കൊണ്ടോടിക്ക് പോയാല്‍ മതി.. " പിതാശ്രീ പുതിയ ബീഡിയുമായി അനന്തതയിലേക്ക് കൂപ്പുകുത്തി.
നിരാശയും വിഷമവും പതിവുപോലെ പിന്നിലവിലെ നിഴലയായ മറ്റൊരു രാത്രി കൂടി.
അതിരാവിലെ ൮ മണിക്ക് ബ്രഹ്മമുതൂര്ത്തില് തന്നെയുണര്‍ന്നു കാപ്പികുടിക്കുമ്പോള്‍ വീണ്ടും കിട്ടി
"നീ ഇതുവരെ ബനിയന് ഒണ്ടാക്കാന്‍ പോയില്ലേ?"
അങ്ങനെ ഈ ജന്മം "സ്വന്തം സൈക്കിള്‍" എന്ന മോഹം പെട്ടി വെച്ച് പൂട്ടി ആണി അടിച്ചു.
ദോഷംപറയരുതല്ലോ പരമ്പര്യമായി യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെപറ്റി നല്ലപിടിപാടുള്ള കുടുംബത്തിലെ പയ്യനായതുകൊണ്ട് പെട്ടന്നുതന്നെ മനോജ് ഒരു സൈക്കിള്‍ അഭ്യസിയായി പേരെടുത്തു..ആ കഥകള്‍ രണ്ടാം ഭാഗത്തില്‍